ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം ജീവനവും അതിജീവനവും ഒരിക്കലും പൂക്കള്‍ വിരിച്ചതും തൊങ്ങലുകള്‍ വിതാനിച്ചതുമായ പാതകളിലൂടെയല്ല മുന്നോട്ടു പോകുന്നത്. സ്വന്തം ഇച്ഛാശക്തിക്കും കഠിനാധ്വാനത്തിനും നിശ്ചയങ്ങള്‍ക്കുമപ്പുറം പ്രതിബന്ധങ്ങളും ചതിക്കുഴികളും അനിശ്ചിതത്വവും നിറഞ്ഞ കനല്‍പാതകളിലൂടെയുള്ള പ്രയാണമാണ് സംരംഭകന്‍ സ്വയം ഏറ്റെടുക്കുന്നത്. സര്‍വശക്തന്‍റെ കരങ്ങള്‍ പിടിക്കുകയും സ്വന്തം പദ്ധതികള്‍ അവിടുത്തെ നിശ്ചയങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ പരിമിതികളെ അതിലംഘിക്കാനും പ്രാതികൂല്യങ്ങളെ മുന്നേറ്റത്തിനുള്ള പടിക്കെട്ടുകളാക്കാനും കഴിയുമെന്ന് അനുഭവങ്ങളെ മുന്‍നിര്‍ത്തി സാക്ഷ്യപ്പെടുത്തുന്ന ഗ്രന്ഥം. അതിനൊപ്പം ഒരു കാലഘട്ടത്തിന്‍റെ നേര്‍ചിത്രം കൂടി ഈ ഗ്രന്ഥം വെളിപ്പെടുത്തുന്നു. ആധുനിക സാങ്കേതിക വിദ്യകളുടെ ശൈശവത്തില്‍ എടുത്തുപറയത്തക്ക സാമ്പത്തിക ശേഷിയില്ലാതെ ഒരു സംരംഭകന്‍ എങ്ങനെയാണ് ബ്രാന്‍ഡ് നിര്‍മിതിയും സംരംഭകത്വശേഷിയുടെ വികസനവും സംരംഭത്തിന്‍റെ വിജയവും കൈവരിക്കുന്നതെന്ന് ഈ ഗ്രന്ഥം വ്യക്തമാക്കുന്നു. അബ്ടെക്ക് എന്ന വാണിജ്യസാന്നിധ്യത്തിന്‍റെ ശില്‍പി വരുംകാലങ്ങള്‍ക്കുള്ള പാഠപ്പുസ്തകമായി സ്വയം മാറുന്നു എന്നതില്‍ ഈ ഗ്രന്ഥം വ്യത്യസ്തമാകുന്നു.