• Read Online

അന്തിത്തെരുവും കരിക്കിന്‍ കുലകളും

Download

ഓരോ തവണ ഈ നഗരത്തില്‍ അന്തിപ്പാതകള്‍ നടന്നു തീര്‍ക്കാനിറങ്ങുമ്പോഴും കണ്ണില്‍ പെടുന്നതാണ് ആ കരിക്കിന്‍ കുലകള്‍. ഒന്നോ രണ്ടോ എണ്ണമല്ല, നാലഞ്ചെണ്ണമെങ്കിലുമുണ്ട്. കായ് തിങ്ങിയ കരിക്കിന്‍ കുലകള്‍. ഒന്നിനു മേല്‍ ഒന്നായി കൂന കൂട്ടിയിട്ടിരിക്കുകയാണ്.ഓരോ ദാഹാര്‍ത്തനെയും സര്‍ബത്തിലേക്കോ പിരുപിരാന്നു കാറ്റുനിറച്ച പാനീയങ്ങളിലേക്കോ പോകാതെ വിളിച്ചടുപ്പിക്കാന്‍ ഏതെങ്കിലും കച്ചവടക്കാരന്‍ കരിക്കിന്‍ കുല കൊണ്ട് എത്നിക് കെണിയൊരുക്കി കാത്തിരിക്കുകയാവും. ഇങ്ങനെയാണ് ഞാന്‍ തുടക്കത്തിലൊക്കെ കരുതിയത്. എന്നാല്‍ എത്രയോ മയക്കപ്പുറങ്ങളില്‍ ആരുടെയും കൂട്ടും തുണയുമില്ലാതെ കരിക്കിന്‍ കുലകള്‍. തീരെ അവഗണിത കഥാപാത്രമാണെന്നു കരുതാനും വയ്യ. ഇവയുടെ പുതുമ കെടാതെ ആരോ നോക്കുന്നുണ്ട്. എന്നാലും ഒരു കച്ചവടക്കാരനെയും ഇതിനരികില്‍ കാണുന്നതുമില്ല. ഓരോ ദിവസവും ഇങ്ങനെയോരോ ചിന്തകള്‍ കരിക്കിന്‍ കുലകളുടെ കാഴ്ചയ്ക്കൊപ്പമെത്തും. പിന്നെ വേറെ കാഴ്ചകളുടെ തള്ളിക്കയറ്റത്തിനൊപ്പം അവ മനസില്‍ നിന്നിറങ്ങിപ്പോകുകയും ചെയ്യും.

ഈ നഗരത്തിന്‍റെ മാത്രമല്ല, ഏതു നഗരത്തിന്‍റെയായാലും നിരത്തുകളിലൂടെ രാത്രിയിങ്ങനെ കടന്നുവരുന്നതു കാണാന്‍ നല്ല ശേലാണ്. പ്രീഡിഗ്രി സെക്കന്‍ഡ് ഗ്രൂപ്പായിരുന്നതു കൊണ്ട് സുവോളജിയുടെയാണെന്നു തോന്നുന്നു (അതോ ബോട്ടണിയുടെയോ) റെക്കഡ് ബുക്കില്‍ അമീബയുടെ പടം വരയ്ക്കണമായിരുന്നു. ഒന്നാമത്തെ പേജ് അമീബയ്ക്കുള്ളതായിരുന്നു. സ്ഥിരമായി സംവരണം ചെയ്തിരിക്കുന്ന പേജ്. ഇന്നുവരെ പഠിച്ചിറങ്ങിയവരെല്ലാം ജീവിതത്തിലിന്നോളം അമീബയെ കണ്ടിട്ടില്ലെങ്കില്‍ കൂടി എന്തൊരു ആത്മവിശ്വാസത്തോടെ അതിനെ വരച്ചു തന്നെയാണ് ഈ ചിത്രപ്പണി തുടങ്ങിയിരിക്കുന്നത്. അതു പോലെ രണ്ടാം പേജ് സ്ഥിരമായി ഹൈഡ്രയ്ക്കുള്ളത്. ഫാഷനബിള്‍ പെണ്‍കുട്ടികളെ പോലെ കൊലുന്നനെയാണ് ഹൈഡ്രയുടെ ആകാരം. അതു കഴിഞ്ഞാല്‍ മൂന്നാം പേജില്‍ എര്‍ത്ത് വേം.

ഈ പടവുമായൊക്കെ അമീബയുടെ പടത്തിന് ഒരു വ്യത്യാസമുണ്ടായിരുന്നു. അത് ഏതു രൂപത്തില്‍ വേണമെങ്കിലും വരയ്ക്കാം. കാരണം ആശാന് കൃത്യമായൊരു രൂപമില്ലല്ലോ. ഉരുണ്ടിരിക്കാം, നീണ്ടിരിക്കാം. അങ്ങനെയങ്ങനെ. ഹൈഡ്രയാണെങ്കില്‍ ഒരു കോലിന്‍റെ തലയ്ക്കല്‍ കുറച്ച് നാരുകള്‍ പോലെയോ ന്യൂ ജെന്‍ തലമുടി പോലെയോ കുറേ അതുമിതും വരയ്ക്കണമായിരുന്നു. എര്‍ത്ത് വേമിലെത്തിയാല്‍ ഉടല്‍ വരയ്ക്കാനെളുപ്പമാണ്. എന്നാല്‍ അതിന്‍റെ ഉടലില്‍ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ കുനുകുനാന്നു വരകളിടണമാരുന്നു. അതായിരുന്നു പാട്. പറഞ്ഞു വരുന്നത് അമീബയുടെ കാര്യവും ഈ നഗരത്തിലെ രാത്രികളുടെ വരവിന്‍റെ കാര്യവും. അമീബയുടെ ശരീരത്തിന്‍റെ ഒരു ഭാഗം നീണ്ടു വന്നാല്‍ പിന്നെ ഉടല്‍ മുഴുവന്‍ അങ്ങോട്ട് അടുക്കും. അങ്ങനെയാണ് സഞ്ചാരം. അമീബയുടെ ഓരോ ഭാഗം വീതം നീണ്ടു വരുന്നതു പോലെയാണിവിടെ രാത്രി ചേക്കേറിയെത്തുന്നത്.

വണ്ടികളുടെ തീപ്പന്തം പോലത്തെ ഹെഡ്ലൈറ്റിനും നെറുകയില്‍ ഇരുട്ടുമായി പാറാവു നില്‍ക്കുന്ന തെരുവുവിളക്കുകള്‍ക്കുമപ്പുറം ഇടവഴികളിലും ഇടുങ്ങിയ ഭാഗങ്ങളിലും കെട്ടിടങ്ങളുടെ പിന്നാമ്പുറങ്ങളിലുമൊക്കെയായി ആദ്യം ഇരുട്ട് നിറയും. കള്ളച്ചുവട് വച്ച് ഓരോയിടത്തുമെത്താന്‍ ഇടവഴി തോറും ഇരുട്ട് പതുങ്ങിയിരിക്കുകയാണ്. ഈ നിയോണ്‍ വസന്തത്തിനും ആരുടെയൊക്കെയോ തിരക്കിട്ട ചുവടുകള്‍ക്കും വാഹനങ്ങളുടെ മുരള്‍ച്ചയ്ക്കുമപ്പുറം രാത്രി വന്നെത്തുകയാണെന്ന്, രാത്രി വളരുകയാണെന്ന് ഓരോ ഇരുട്ടും നമ്മെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും. ഇടയ്ക്കെങ്ങാനും കറന്‍റൊന്നു പോയാല്‍ വാഹനങ്ങളുടെ കണ്ണുകള്‍ പുറത്തേക്കു തള്ളുന്ന അരോചകമായ വെളിച്ചം മാത്രമായിരിക്കും ഉണ്ടായിരിക്കുക. കടകളും കടക്കാരുമെല്ലാം ഇരുട്ടിലെ നിഴലുകള്‍ മാത്രമായി മാറും. പെട്ടെന്ന് എല്ലാവരും വല്ലാത്തൊരു സമയബോധത്തിലേക്കും കൂടണയാനുള്ള വ്യഗ്രതകളിലേക്കും സ്വയം വിവര്‍ത്തനം ചെയ്യും.

വീണ്ടും വെളിച്ചം വരും, അപ്പോള്‍ രാത്രി വീണ്ടും മദാലസമായ വശ്യതയോടെ അങ്ങിങ്ങ് പതുങ്ങി നില്‍ക്കുന്നതു കാണാനാകും. എന്തൊരു വിരോധാഭാസം. രാത്രിയുടെ പതുങ്ങിയുള്ള നില്‍പ് കാണണമെങ്കില്‍ വൈദ്യുതി നാലുവശത്തു നിന്നും പ്രസരിക്കണം. അല്ലെങ്കില്‍ രാത്രിയുടെ ആക്രമണം മാത്രമേ കാണാനാവൂ. പൂച്ചക്കുട്ടിയായി മാറുന്ന രാത്രിയും സിംഹിയായി മാറുന്ന രാത്രിയും. രണ്ടും എനിക്കറിയാം. എനിക്കു മാത്രമല്ല, രാത്രികള്‍ വളര്‍ത്തിയ ഓരോ കുട്ടിക്കുമറിയാം. പറഞ്ഞു തുടങ്ങിയത് എവിടെയായിരുന്നു. ബസ് സ്റ്റാന്‍ഡിന്‍റെ കിഴക്കേ കവാടത്തിലെ കാര്യം. അതെന്താണെന്നോ. നല്ല ഷേപ്പൊത്ത കരിക്കുകള്‍. പോറല്‍ പോലുമേല്‍ക്കാത്ത പുറന്തോട്. പച്ചനിറത്തിലുള്ള പതിനെട്ടാംപട്ടയുടെ കരിക്കും മഞ്ഞ നിറത്തില്‍ ഗൗളിഗാത്രത്തിന്‍റെ കരിക്കുമുണ്ട്. അതു വില്‍ക്കുന്നവരെ മാത്രം അവിടെയെങ്ങും കാണാനുമില്ല. ഇരുളു പോലെയെത്തുന്ന അമീബയുടെ തലങ്ങും വിലങ്ങും വളരാവുന്ന ഉടല്‍ ഇവിടെ മാത്രമായിരിക്കും എത്താത്തത്. ഈ കരിക്കിന്‍ കുലകളുടെ കൂട്ടത്തിനടുത്തു മാത്രം. ഒരു പക്ഷേ, ഒരിക്കലും ഒരു കരിക്കില്‍ കണ്ണുവച്ച് അമീബ ഉരുണ്ടുരുണ്ട് എത്തുന്നതു പോലെ ഒരു കള്ളനും ഇവിടേക്ക് എത്തുകയില്ലായിരിക്കാം. കള്ളന്‍റെ കൈയില്‍ പൊതിയാക്കരിക്കു കിട്ടിയിട്ടെന്തു കാര്യം. അതിന്‍റെ ഉറപ്പിലാകാം ഏതോ കച്ചവടക്കാരന്‍, അതോ കര്‍ഷകനോ ഇവിടെ ഈ കരിക്കത്രയും കൂട്ടിയിട്ടിരിക്കുന്നത്. രാവേറെ ചെല്ലുന്നതു കാണാന്‍ കണ്ണു കൂര്‍പ്പിച്ചു നടക്കുമ്പോഴും കാണാം കരിക്കുകള്‍ അങ്ങനെ തന്നെ അവിടെയുണ്ട്. അവയ്ക്കു മേല്‍ മാത്രം അന്ധകാരത്തിന്‍റെ വേലിയേറ്റമെത്തുന്നില്ല. എപ്പോഴും പ്രകാശ വസന്തത്തിലാണവയുടെ ശയനം. പകല്‍ സാക്ഷാല്‍ സവിതാവാണ് കാവലെങ്കില്‍ രാക്കൂട്ടിന് ഒരു മാതിരി പിത്തബാധയേറ്റ മഞ്ഞ വെളിച്ചമാണ്. ചിന്നം വിളിക്കുന്ന കൊമ്പന്‍ ഉയര്‍ത്തിപ്പിടിക്കുന്ന തുമ്പിക്കൈ പോലെ തലയുയര്‍ത്തിയ ഇരുമ്പു തൂണിന്‍മേല്‍ ഒരു ദിക്കിനൊന്ന് എന്ന നിലയില്‍ പ്രകാശം ചൊരിയുന്ന നിയോണ്‍ സൂര്യന്‍ കഥയൊന്നുമറിയാതെ ഒഴുക്കുന്ന മഞ്ഞ വെളിച്ചം. ഈ കരിക്കുകള്‍ ചുരുങ്ങിയ പക്ഷം ചിലര്‍ക്കെങ്കിലും ഒരു ഓര്‍മപ്പെടുത്തലാണ്. കൊതി പെരുപ്പിക്കുന്ന മസാല ഗന്ധങ്ങള്‍ക്കും വേച്ചു നടക്കാന്‍ പോലും പേശീബലം ശേഷിപ്പിക്കാത്ത ഉന്മാദ ലഹരികള്‍ക്കും കടുംചേലകളില്‍ ഇരുളു ചാരി മുഷിഞ്ഞ പത്തുരൂപ പോലെ ആരെയോ നോക്കി നില്‍ക്കുന്ന പ്രണയങ്ങള്‍ക്കും ഒക്കെ മറുകരയില്‍ പ്രകൃതിയുടെ കൈയൊപ്പുള്ള മധുരങ്ങള്‍ ഇപ്പോഴും ശേഷിക്കുന്നു എന്ന ഓര്‍മപ്പെടുത്തല്‍. ഇനി എനിക്ക് എത്ര വേണമെങ്കിലും നടക്കാം. അതിനൊടുവിലും ഈ മധുരം ഇവിടെ ശേഷിക്കുന്നുണ്ടാവും.


Admin, 2022 Feb 18

Contact Us

Jotters Online Chetana Media Thirunakkara North Kottayam 686001
+91 9995920200
info@rasana.online

Connect With Us

Copyright © 2022 Rasana.Online