വകയിലൊരു സുഹൃത്തെന്നു പറയാവുന്നൊരാള്‍ ഇന്നു ഫോണില്‍ പറഞ്ഞ വാക്കുകളാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് നാലു പുറത്തില്‍ കവിയാതെ ഉപന്യസിക്കുക ഒരു ബുദ്ധിമുട്ടുമുള്ള കാര്യമല്ല. ഇത്രമാത്രം ഈഗോയങ്ങ് സുഖിപ്പിക്കപ്പെട്ടു കഴിഞ്ഞാല്‍ ഇടംവലം നോക്കാതെ നാലു പുറത്തിലല്ലെങ്കില്‍ രണ്ടുപുറത്തിലെങ്കിലും ഞെളിഞ്ഞു നില്‍ക്കാന്‍ ആര്‍ക്കും പറ്റും, അല്ലെങ്കില്‍ പറ്റേണ്ടതാണ്. സന്ദര്‍ഭം വിശദീകരിച്ച് സ്വാരസ്യം വ്യക്തമാക്കാന്‍ (പഴയ മലയാളം മാഷിന്‍റെ ചോദ്യക്കടലാസില്‍ കാണുന്നപോലെ) ആരും ആവശ്യപ്പെടരുത്. പ്ലീസ്. അത് തീക്കൊള്ളി പോലൊരു സാധനം കൊണ്ട് വല്ലാതൊന്നു തല ചൊറിയുന്നതു പോലെയാകാനാണ് സാധ്യത. ഒരു കാര്യം മാത്രം പറയാം. ഒരൊറ്റ ഫോണ്‍കോളില്‍ പറഞ്ഞ കാര്യങ്ങള്‍ ഇത്ര കിറുകൃത്യമായി ഓര്‍ത്തിരിക്കാന്‍ കഴിഞ്ഞെങ്കില്‍ ആ വാക്കുകള്‍ എത്രമാത്രം ഈയുള്ളവനെയങ്ങ് കോള്‍മയിരു കൊള്ളിച്ചു വല്ലാതാക്കിയിട്ടുണ്ടാവുമെന്ന് ഊഹിക്കാമല്ലോ. അതിനാല്‍ മൊബൈല്‍ ഫോണിനു പോലും സുഖിച്ചിരിക്കാന്‍ ഇടയുള്ള സംഭാഷണത്തിന്‍റെ ബാക്കി കൂടി ഉദ്ധരിച്ചോട്ടെ. ആര്‍ക്കും ചില സന്ദര്‍ഭങ്ങളില്‍ ചില ഇട്ടുണ്ണാന്‍മാരെ കുപ്പിയിലിറക്കാന്‍ വേണ്ടി ഉപയോഗിക്കാന്‍ സാധിക്കും. (വൈകി വായിച്ചു തുടങ്ങിയവരുടെ അറിവിലേക്ക്. സാക്ഷാല്‍ ടോംസിന്‍റെ ബോബനും മോളിയും എന്ന കാര്‍ട്ടൂണ്‍ സീരിസിലെ ജന്മനാ മന്ദബുദ്ധിയായ ചേട്ടനാണ് ഇട്ടുണ്ണാന്‍. വകയില്‍ എന്‍റെയൊരു ചിറ്റപ്പനായിട്ടു വരും.)
ഫോണ്‍ കോളിലേക്ക് മാന്യ വായനക്കാരെ ഒരിക്കല്‍ കൂടി ക്ഷണിക്കുകയാണ്. "ഒരു കാര്യം ശരിക്ക് ഇഷ്ടപ്പെട്ടു. എന്താണെന്നോ, വളരെ പോസിറ്റീവായ മാറ്റങ്ങള്‍ കാണുന്നുവെന്ന വാക്കുകള്‍ എത്ര പോസിറ്റിവ് എനര്‍ജിയാണെന്നോ തന്നത്. അടുത്ത കാലത്തുണ്ടായതില്‍ വച്ച് ഏറ്റവും ഡള്ളായ കാലത്തിന്‍റെ ഒടുവില്‍ ഇങ്ങനെയൊരു നിരീക്ഷണം മനസ്സിന്‍റെ എല്ലാ മടുപ്പുകളെയും തുടച്ചു കളയുന്നതായി. നന്ദി."
സംഗതി ഏതായാലും ജോറായി അല്ലേ. അങ്ങേത്തലയ്ക്കലെ അവസ്ഥ എന്തായാലും ഇങ്ങേത്തലയ്ക്കല്‍ ഈയുള്ളവന്‍ വല്ലാത്ത അവസ്ഥയിലായി പോയേ. ഇങ്ങനെയൊക്കെ ഇടയ്ക്കിടെ ഫോണില്‍ വിളിച്ചു പറയാന്‍ ആളുണ്ടായാല്‍ എത്ര നന്നാരിക്കും. ഇടയ്ക്കിടെ മറ്റേ സാധനം-അതേ കോള്‍മയിരു തന്നെ-മനസില്‍ തോന്നിക്കൊണ്ടിരിക്കുകുയും ചെയ്യും. വഴിയേ പോയ വയ്യാവേലികളൊക്കെ പത്തിനു രണ്ടു പതവും കൊടുത്ത് എടുത്ത് തലയില്‍ വച്ചിരിക്കുന്ന മഹാനാണ് നമ്മളെന്ന സത്യം നമുക്ക് മാത്രമല്ലേ അറിയൂ. ഒ വി വിജയന്‍ പണ്ടു കുറിച്ചൊരു കാര്യമുണ്ട്. ഐ ആം ദി മൊണാര്‍ക്ക് ഓഫ് ഓള്‍ റെലംസ് ഐ ഡെയര്‍ നോട്ട് സര്‍വേ. ഈയുള്ളവന്‍റെ കാര്യത്തിലെത്തിയാല്‍ ഇത്തിരി മാറ്റം വരുത്തി പറയാം. ഐ ആം ദി ബഫൂണ്‍ ഓഫ് ഓള്‍ റെലംസ് അദേഴ്സ് ഡെയര്‍ നോട്ട് സര്‍വേ. അദ്ദിലാണ് കാര്യം. ബഫൂണ്‍ ആണെങ്കിലെന്ത് അല്ലെങ്കിലെന്ത്, ആ ലോകമൊക്കെ സര്‍വേ ചെയ്യാന്‍ ലവന്‍മാരോ ലവളുമാരോ ഡെയര്‍ ചെയ്യുന്നില്ലല്ലോ. അദ്ദേന്നേ, ധൈര്യപ്പെടുന്നില്ലല്ലോന്ന്. അപ്പോ പിന്നെ ഫൂള്‍സ് ക്യാപ്പ് വച്ചോ ഫൂള്‍സ് ക്യാപ്പ് വയ്ക്കാതെയോ ഒക്കെ ഏതു വേഷവും കെട്ടിയാടാന്‍ എന്തിന് അമാന്തിക്കണം.
ഫോണ്‍ കോളിന്‍റെ കുറേ ഭാഗം ഞാന്‍ മുക്കി കേട്ടോ. എന്നാലും ഒന്നു രണ്ടു ഹാംലെസ് വാചകം കൂടി ഉദ്ധരിച്ചുകളയാം. "എന്നെ പ്രോത്സാഹിപ്പിക്കാനായുള്ള ഉപായങ്ങള്‍ ഇടയ്ക്കിടെ ഓരോന്നായി എടുത്ത് ഉപയോഗിച്ചു കൊണ്ടിരുന്നില്ലെങ്കില്‍ ഞാനങ്ങ് മൂടിക്കുത്തിയ അവസ്ഥയിലായി പോകുമെന്നറിയാമല്ലോ. അങ്ങയുടെ പിന്തുണയുണ്ടെങ്കില്‍ എനിക്ക് തുഴഞ്ഞ് എത്തിച്ചേരാന്‍ വേറൊരു ലോകമുണ്ടെന്നുറപ്പാണ്. അതിലെനിക്ക് സംശയമേയില്ല. എന്നാല്‍ അവിടെ വരെ തുഴഞ്ഞെത്താന്‍ കൈകാലുകള്‍ക്ക് ബലമുണ്ടാകുമോ എന്ന സംശയം മാത്രമാണ് ഇടയ്ക്ക് തലപൊക്കുന്നത്. ഓരോ വശത്തു നിന്നായി സമ്മര്‍ദങ്ങളുണ്ടാകുമ്പോള്‍, ഏയ് ഈ സമ്മര്‍ദമൊക്കെ ഇതിലും വലിയ നേട്ടത്തിനുള്ള മിനിമം വിലയായി നാം കൊടുക്കേണ്ടതല്ലേയെന്ന് കാതില്‍ പറയാന്‍ ഒരാളുണ്ടായാല്‍ പിന്നെ ഉല്‍സാഹമേറിക്കൊള്ളും." സത്യം സത്യമായി ഞാന്‍ പറയാം. ഇന്നു വരെ ഇങ്ങനെയൊരു വാചകം ആരുടെയും കാതില്‍ പറഞ്ഞിട്ടില്ല. അദ്ദു കൊണ്ടു പറയാം. ഇതല്‍പം കടന്ന കൈയായി പോയി കേട്ടോ, സൂര്‍ത്തേ.