• Read Online
  • Play Video

നീലച്ചിറകു കുഴഞ്ഞു വീഴുന്നുവോ

Download
നീയറിയുന്നുവോ ചോലമരങ്ങളില്‍ സായാഹ്നമോരോന്നിരുണ്ടു തൂങ്ങുന്നതും, നീണ്ട മൗനത്തിലേക്കെന്‍റെ രാപ്പക്ഷികള്‍ നീലച്ചിറകു കുഴഞ്ഞു വീഴുന്നതും... ചുള്ളിക്കാടിന്‍റെ ഒരു പ്രണയഗീതം എന്ന കവിതയിലെ ഈ വരികള്‍ ഇന്നത്തെ വാട്സാപ്പ് സാഹിത്യകാരന്‍മാര്‍ക്ക് അറിയാമോന്നു സംശയമാണ്. 
സത്യമായും വേറെ ദുരുദ്ദേശ്യമൊന്നും വച്ചല്ല ഈ വരികള്‍ ഞാനിവിടെ എടുത്തെഴുതിയി രിക്കുന്നത്. "നീ"യെന്നു കവിതയില്‍ പറഞ്ഞതു കൊണ്ട് അപ്പടി ആവര്‍ത്തിച്ചിരിക്കുന്നു. അല്ലാതെ എനിക്കു പേരു പറഞ്ഞു വിലപിക്കാന്‍ ഒരു "നീ"യുമില്ല. ഇനി അഥവാ ഉണ്ടായാല്‍ തന്നെ നിന്‍റെ വിലാപം കേട്ടാല്‍ എനിക്കു ഗ്രാസാണ് എന്നു പറഞ്ഞ് ആ "നീ" പോകുകയേയുള്ളൂ. ഇരുണ്ടു തൂങ്ങുന്ന സായാഹ്നങ്ങളിലേക്കും കുഴഞ്ഞു വീഴുന്ന നീലച്ചിറകുകളിലേക്കും തിരിച്ചു വരാം. ഓഫീസിന്‍റെ ഓരോ ഇടങ്ങളിലും തൊട്ടെടുക്കാവുന്നതു പോലെ ശൂന്യത നിറയുന്ന സന്ധ്യകളില്‍ നിന്നു ആളൊഴുക്കിന്‍റെ കാഴ്ചകളിലേക്ക് എന്നും വൈകുന്നേരം ഞാന്‍ നടക്കാനിറങ്ങുന്നു.
ഒരേ തരം കാഴ്ചകളാണ് എന്നും കാണുന്നത്. അയലത്തെ റിട്ടയര്‍ ചെയ്ത ബാങ്ക് മാനേജരുടെയും ഒരിക്കലും പുഞ്ചിരിക്കാത്ത മറ്റൊരു അയല്‍വാസിയുടെയും തീപ്പെട്ടു പോയ വേറൊരു സാറിന്‍റെയും മാവിന്‍റെ കൊമ്പുകളില്‍ സായാഹ്നം ഇരുണ്ടുതൂങ്ങിക്കിടക്കുകയാവും. ഊരിന്‍റെ നാഥനായ തേവരുടെ ഉയരങ്ങളിലേക്കു കയറിപ്പോകുന്ന നട വല്ലാതെ വിജനവുമായിരിക്കും. എത്രയോ പ്രണയങ്ങള്‍ പൂത്തുലയുന്നതിനു സാക്ഷിയായ നട അവയുടെ ചൂരും ചൂടുമുള്ള ഓര്‍മകളില്‍ അന്തിമയക്കം ആഘോഷിക്കുമ്പോള്‍ അതിനെ അലോസരപ്പെടുത്താതെ മെല്ലെ ചുവടുവച്ച് മുകളിലേക്ക് നടക്കുമ്പോള്‍ ഓര്‍മയില്‍ വരുന്നത് ചുള്ളിക്കാടിന്‍റെ വരികളായിരിക്കും. 
അടുത്ത വരി ഇങ്ങനെയാണ്. നിദ്രാന്തരങ്ങളില്‍ ദുര്‍മരണത്തിന്‍റെ സ്വപ്നം തലച്ചോറു കാര്‍ന്നു തിന്നുന്നതും..... അതു ഞാന്‍ ഓര്‍ക്കില്ല. ദുര്‍മരണം ആര്‍ക്കും വരാതിരിക്കട്ടെ എന്നാണ് മനസ്സുകൊണ്ട് ആശംസിക്കുന്നത്. ഇന്നത്തെ സായാഹ്ന നടത്തം മൂന്നുതരം ശബ്ദകോലാഹലങ്ങള്‍ കൊണ്ട് സ്വരമുദ്ര ചാര്‍ത്തിയതായിരുന്നു. മൂന്നും വല്ലാതെ പകച്ചു പോകുന്ന അവസ്ഥയിലേക്ക് മനസ്സിനെ കൊണ്ടുപോകുന്നത്. എന്‍റെ ചുവടുകള്‍ ഒരു വശത്തെ നട കയറുന്നു. മറുവശത്തെ നടയിറങ്ങുന്നു. കയറിയ നടയുടെ മുകളിലെത്തുമ്പോഴേ കേള്‍ക്കാം, പണ്ടേ കാതിനു പരിചിതമായ സ്വരങ്ങള്‍. സ്വാമിയേ ശരണമയ്യപ്പാ... പണ്ട് സ്വാമിമാരെല്ലാം ബസില്‍ കയറി പോയിരുന്ന കാലത്ത് കാറുകള്‍ ഭദ്രലോഗിന്‍റെ മാത്രമായിരുന്ന കാലത്ത് ഞങ്ങളുടെ വീടിരിക്കുന്ന ശരണപാതയില്‍ വൃശ്ചികം, ധനു മകര മാസങ്ങള്‍ ശരണം വിളിയുടെയായിരുന്നു. പ്രാര്‍ഥനാമന്ത്രത്തില്‍ നിന്നു മുദ്രാവാക്യമായി മാറാനും ശരണമന്ത്രത്തിനാകുമെന്ന് പിന്നീട് കാലം പഠിപ്പിച്ചു. ശരണംവിളിയെ തെരുവിന്‍റെ സ്വരങ്ങളുമായി ചേര്‍ത്തുവയ്ക്കുമ്പോള്‍ എന്തോ വിങ്ങുന്നു. ഒരു തരം വല്ലായ്മ. ബുദ്ധം ശരണം... ധര്‍മം ശരണം... സംഘം ശരണം... ചിന്തകള്‍ ഒത്തിരി പിന്നിലേക്കു പോകുന്നു. ശ്രീ ബുദ്ധാ പൊറുക്കുക. 
അലസഗമനം അടുത്തതായി ചെന്നെത്തിയത് ഒരു കാലത്തെ അയിത്തക്കാരുടെ മഹാസഭയുടെ യോഗത്തില്‍. ബ്രാഹ്മണ്യത്തിന്‍റെയും രാജത്വത്തിന്‍റെയും അവശേഷിപ്പുകളെ ഇഴകീറി അലക്കുകയാണ് ഒരു കാലത്ത് പോലിസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ പേരില്‍ സ്വന്തമായി പേരു പോലും കിട്ടിയ മൈതാനത്ത് ആരൊക്കെയോ.  അവര്‍ക്ക് പറയാനുള്ളത് പഴയ കാലത്ത് ആരോ അനുഭവിച്ച നോവുകളുടെ കഥകളാണ്. ആ തലമുറയുടെ നോവുകളുടെ ബലത്തില്‍ ഇന്നിപ്പോള്‍ ഗസറ്റഡ് ഓഫീസര്‍മാരും ബാങ്ക് മാനേജര്‍മാരുമൊക്കെയായ ആരെങ്കിലും മഹാസഭയുടെ പതാകയ്ക്കു കീഴിലുണ്ടോ ആവോ. പഴമ അവര്‍ക്ക് ഇന്ന് മൈക്ക് കെട്ടിവച്ച് കൊണ്ടാടുന്നതിനുള്ള കോപ്പുനല്‍കുന്നു. അടി കൊണ്ടവരുടെയും തൂമ്പ് ഉറയ്ക്കാന്‍ കുരുതിയാക്കി ചവുട്ടിതാഴ്ത്തപ്പെട്ടവരുടെയും തലമുറ എന്നേ കടന്നു പോയിരിക്കുന്നു. ഇവരുടെ കൊച്ചുകൊച്ചു മക്കള്‍ പണി നേടാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഉയര്‍ത്തിപ്പിടിച്ചു, പാലം കടന്നു, കഥ മാറി. അത്തരം ഗസറ്റഡ് ദൈവങ്ങള്‍ക്ക് ഇവന്‍മാര്‍ മൈക്ക് കെട്ടിവച്ചു പറയുന്ന കഥകള്‍ കേട്ടാല്‍ നാളെ വിരേചന സുഖമെങ്കിലും നഷ്ടപ്പെടുമെന്നുറപ്പ്. കായം ടാബ്ലറ്റ് മാര്‍ക്കറ്റിലുണ്ടല്ലോ, അതു മാത്രമാണ് ആശ്വാസം.
മൂവന്തിയെ ശബ്ദമലിനീകരിക്കുന്ന വേദികള്‍ ഇനിയും ബാക്കി. പത്തു ചുവടുകള്‍ക്കപ്പുറത്ത് സുവിശേഷ വേദി. വേദപുസ്തകം വച്ചാണ് പരിസര മലിനീകരണം. കാതുപൊട്ടനായ യേശുവിനെ ഞെട്ടിച്ച് ഉണര്‍ത്തിയേ അടങ്ങൂ എന്ന വാശിയിലാണ് ഏതോ പ്രാസംഗികന്‍. യേശുവേ കടന്നുവരണമേ..... ഇപ്പറയുന്നയാള്‍ ഹിസ്റ്റീരിയയുടെ തലത്തിന്‍റെ തൊട്ടുതാഴെയാണ് നില്‍ക്കുന്നത്. ഉടലാകെ വല്ലാതെ വിറകൊള്ളുന്നുണ്ട്. കേട്ടിരിക്കുന്നവരും ഉന്മാദത്തില്‍ നിന്ന് ഏറെയൊന്നും ദൂരെയല്ല. യേശുവെങ്ങാനും അബദ്ധത്തില്‍ അതുവഴി കടന്നുവന്നിരുന്നെങ്കില്‍... ഓര്‍ക്കാതിരിക്കുകയാവും നല്ലത്. 
ഇതിനിടയില്‍ പാവം കുറേ സ്ത്രീ രൂപങ്ങള്‍ തൊട്ടുതൊട്ടങ്ങു വിരാജിക്കുന്ന മൂന്നു തുണിക്കടകളുടെ ഷട്ടറിന്‍റെ ഉയര്‍ച്ചയെയും താഴ്ചയെയും നിര്‍ണയിക്കുന്ന ക്ലോക്കിന്‍റെ തടവറ ഭേദിച്ച് അന്തിവണ്ടികള്‍ പിടിക്കുന്നതിനായി തിരക്കിട്ടു നീങ്ങുകയാണ്. കടയ്ക്കുള്ളിലെ ബൊമ്മകളെ പോലെ ഇവരെ ഒരുക്കി നിര്‍ത്തുന്ന മുതലാളിമാരുടെ കണ്ണ് കോഴിക്കൂട്ടില്‍ തന്നെയാണെന്നു ഇവരെ ഒരു നോക്കു കാണുന്ന ആര്‍ക്കും വ്യക്തം. ഇളം നിറമുള്ള സാരികള്‍ ചെറുചെറു ഞൊറികളായി അടുക്കിപ്പിടിച്ച് ബ്ലൗസിന്‍റെ ഇടത്തേ ഉരത്തിനു മുകളില്‍ ടൈറ്റായി കുത്തിയുറപ്പിച്ചിരിക്കുകയാണ്. ഇവരുടെ ഒക്കുപേഷണല്‍ ഹസാര്‍ഡ്സ് ആരറിയുന്നു. 
മുകളിലെ തട്ടില്‍ നിന്നു തുണികള്‍ ഓരോന്നായി കസ്റ്റമറുടെ മുന്നില്‍ എടുത്തു വയ്ക്കണം. പല ആംഗിളുകളില്‍ ശരീരം തിരിക്കണം, ചെരിയണം. ഓരോ ചെരിവിലും കൈ ഉയര്‍ത്തലിലും നല്ല ടൈറ്റായി തന്നെ സ്വന്തം വടിവുകള്‍ കസ്റ്റമറുടെ കണ്ണിന് ക്ലോസ്അപ്പില്‍ വിരുന്നായി മാറുന്നുണ്ടെന്ന് ഇവരും അറിയുന്നുണ്ട്. കോര്‍ണിയല്‍ കോയിറ്റസിന് (ഡി. ബാബു പോള്‍ സാറിനോട് കടപ്പാട്) തരംകിട്ടുമോ എന്നു നോക്കി അലയുന്ന ഇളിയന്‍മാരുടെയും ഫുട്പാത്ത് അടക്കി വാഴുന്ന ചിന്തിക്കച്ചവടക്കാരുടെയും ഇടയിലൂടെ നാടിന്‍റെ ഈ നല്ലപാതിമാര്‍ ഓരോ അന്തിക്കും ഞെരുങ്ങിയോടുകയാണ്. പകല്‍ മുഴുവന്‍ പലരുടെയും കണ്ണിനു വിരുന്നൂട്ടിയ അതേ വടിവുകളില്‍ തന്നെ ഈ അന്തിക്കുതിപ്പില്‍ പലരുടെയും 'അലക്ഷ്യ'മായ ഉരസലുകള്‍ വരുന്നത് അവര്‍ അറിയാതെയല്ല. ഒന്നിനു വേണ്ടിയും വെയ്റ്റ് ചെയ്യാനാവില്ല. അവരുടെ മനസ്സില്‍ അയ്യപ്പനുമില്ല, യേശുവുമില്ല, അയ്യങ്കാളിയുടെ വില്ലുവണ്ടിയുമില്ല. ആകെക്കൂടിയുള്ളത് മുലപ്പാലിനു വേണ്ടി പകലു മുഴുവന്‍ തൊണ്ടയുണങ്ങി കാത്തിരുന്ന കുഞ്ഞുങ്ങളാവും. പള്ളിക്കൂടം വിട്ടു വന്നതു മുതല്‍ അമ്മ വരാന്‍ നിമിഷമെണ്ണിയിരിക്കുന്ന കുരുന്നുകളാവും. കിഴവിലെത്തിയ മാതാപിതാക്കളായിരിക്കും. ഇതു നമ്മുടെ നഗരത്തിന്‍റെ ഇന്നത്തെ സായാഹ്ന ജീവിതം.

Admin, 2022 Mar 03

Contact Us

Jotters Online Chetana Media Thirunakkara North Kottayam 686001
+91 9995920200
info@rasana.online

Connect With Us

Copyright © 2022 Rasana.Online