പരമശിവനും ഭൂതഗണങ്ങള്‍, പാഠശാലയ്ക്കും ഭൂതഗണങ്ങള്‍. ഒരിടത്ത് ശിവഭൂതങ്ങള്‍, മറുവശത്ത് ഗുരുഭൂതങ്ങള്‍. എങ്ങനെയായിരിക്കണം രണ്ടാമത്തെ ഭൂതഗണങ്ങളോടു ഡീല്‍ ചെയ്യേണ്ടത്. ഈ ചോദ്യം എത്രയോ തലമുറകളില്‍ ആരൊക്കെ ചോദിച്ചിട്ടുണ്ടാവും. പാഠവും പഠനവും പാഠശാലയുമൊക്കെ അരങ്ങൊഴിഞ്ഞ ജീവിതമാണെങ്കില്‍ കൂടി ഞാന്‍ മാത്രമാവുമോ ഏതോ മുജ്ജന്മ ശിഷ്ടം പോലെ ഗുരുഭൂതങ്ങളുടെ ഓര്‍മത്തുണ്ടുകളും ചുമന്നു കാലയാപനം നടത്തുന്നത്.
ഏതോ ഒരെഴുത്തുകാരന്‍ പറഞ്ഞിട്ടുണ്ട് ഗുരു ജീവിതത്തില്‍ സംഭവിക്കുകയാണെന്ന്. എന്‍റെ കാര്യത്തില്‍ ഒരു ഗുരുവല്ല, കുറേ ഗുരുക്കന്‍മാര്‍ വിടാതങ്ങു പിന്നാലേ കൂടിയിരിക്കുകയാണ്. പാഠശാലക്കാലം രണ്ടു തരത്തിലുണ്ട്. ഓര്‍മയുറയ്ക്കുന്നതിനു മുമ്പുള്ള കാലവും ഓര്‍മയുറച്ചു കഴിഞ്ഞുള്ള കാലവും. വളച്ചു കെട്ടില്ലാതെ പറയാം. ബിഎ ക്ക് ചേര്‍ന്നതാണ് രണ്ടു ലോകത്തിനുമിടയിലുള്ള അതിര്. പ്രീഡിഗ്രിക്കും ബിഎയ്ക്കും ഇടയിലുള്ള കാലം നോ മാന്‍സ് ലാന്‍ഡ്. പ്രീഡിഗ്രി തീരുന്നതു വരെ ബുദ്ധിയുറയ്ക്കാത്ത കാലം. അതു കഴിഞ്ഞ് ബുദ്ധിയുറച്ച കാലം. രണ്ടാമത്തെ കാലത്തില്‍ നിന്നു പിന്നിലേക്കു നോക്കുമ്പോഴുള്ള പൂര്‍വാശ്രമത്തില്‍ ഗുരുക്കന്‍മാരെക്കുറിച്ചെന്ന ഒന്നിനെക്കുറിച്ചും കാര്യമായി ചിന്തിച്ചിരുന്നതേയില്ല. സ്പൂണില്‍ ഫാരക്സ് കലക്കി കിട്ടുന്നതു പോലെ ഇന്നത്തെ ഡോസ് നോട്ടുകള്‍ കിട്ടിയോ എന്ന ചിന്തയ്ക്കു ചുറ്റിലുമായി കറങ്ങിയിരുന്ന കാലം. ഡിഗ്രി ഒരു മുടിഞ്ഞ വഴിത്തിരിവായിരുന്നു. ഹോസ്റ്റലും സകലകലാ വല്ലഭന്‍മാരായ ആശാന്‍മാരുമൊക്കെ കളം നിറഞ്ഞു കളി തുടങ്ങിയ കാലം. മധ്യ തിരുവിതാംകൂറിലെ ഒരു ഗഡാഗഡിയന്‍ മാനേജ്മെന്‍റ് കോളജാണ്. ഒട്ടുമിക്ക ഗുരുഭൂതങ്ങളും മാനേജ്മെന്‍റിന്‍റെ അടിയുടുപ്പുകള്‍ വരെ വൃത്തിയായി കഴുകി പശയിട്ട് ഇസ്തിരിയിട്ടു കൊടുക്കുന്നതിന്‍റെ ബലത്തില്‍ പണിക്കു കയറുന്നവരാണ്. ഓഡ് മാന്‍ ഔട്ട് എന്നു വിളിക്കാവുന്ന വേറെ ചിലരുണ്ട്. വഴിതെറ്റി കൈത്തോട്ടിലെത്തിയ മഹാനദി പോലെയുള്ളവര്‍. ഇവര്‍ എണ്ണത്തില്‍ തീരെ കുറയും. സര്‍വ കസേരയും മന്ദബുദ്ധികള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന മാനേജ്മെന്‍റ് ബോര്‍ഡ് വഴിപാട് പോലെ നടത്തുന്ന ഇന്‍റര്‍വ്യൂ എന്ന പൊറാട്ടില്‍ സ്വന്തം നട്ടെല്ലു കൊണ്ട് ഇടങ്കോലിട്ട ഏതെങ്കിലും സര്‍ക്കാര്‍ പ്രതിനിധിയുടെ കടുംപിടുത്തമായിരിക്കാം ഇങ്ങനെയുള്ള മഹാനദികളെ കൈത്തോട്ടിലെത്തിക്കുന്നത്. ഇങ്ങനെയൊരു മഹാനദിയെത്തിയാല്‍ രണ്ടിലൊന്നേ സംഭവിക്കൂ. ഒന്നുകില്‍ തോടിന്‍റെ തിട്ടകളെ ഇവര്‍ ഇടിച്ചു തകര്‍ക്കും. അല്ലെങ്കില്‍ ഇടിച്ചു തകര്‍ക്കാനുള്ള പോരാട്ടത്തില്‍ സ്വയം ചുരുങ്ങിക്കൂടുകയോ വീരമൃത്യു വരിക്കുകയോ ചെയ്യും. ഇരുകൂട്ടരെയും തിരിച്ചറിയാന്‍ ഒരു പീരിയഡ് ക്ലാസിലിരുന്നാല്‍ മാത്രം മതി. ഞങ്ങളുടെ എച്ച്ഓഡി സാര്‍ ഈ രണ്ടു വിഭാഗത്തിലും പെടുന്നതായിരുന്നില്ല. കോളജ് തുടങ്ങിയപ്പോള്‍ ആളെ തികയാഞ്ഞതുകൊണ്ട് വാധ്യാരായതാവാനാണ് വഴി. അപാര സിനിക്ക്. റിട്ടയര്‍മെന്‍റിന്‍റെ വക്കിലെത്തിയപ്പോഴാണ് ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് കാവ്യനീതി അവസരമൊരുക്കിയതെങ്കിലും ഇരുവരുടെയും തലതിരിവുകള്‍ തമ്മില്‍ ഉരസാനൊരു അവസരം വിവേകപൂര്‍വം ഒഴിവാക്കിത്തന്നു. കസേരയില്‍ ഒരു കാലുകൊണ്ട് ചമ്രം പടഞ്ഞെന്നവണ്ണം ഒരുതരം വീരാസനത്തിലായിരിക്കും എച്ച്ഓഡിയുടെ ഇരുപ്പ്. ആരുടെയും മുഖത്തുനോക്കാതെ പക്കാ നെഗറ്റിവിറ്റി പ്രസരിപ്പിച്ചുകൊണ്ട് ഒരു മണിക്കൂര്‍ തള്ളിവിടും. ഗുരുവന്ദനമായി ഒരു കവിതയെഴുതാതെ പറ്റില്ലായിരുന്നു. അതിലെ ഒരു വരിയിങ്ങനെ "ഇരുളില്‍ വഴികാട്ടുവാന്‍ തീവെട്ടി വേണ്ട, ചുണ്ടത്തു ചെറുബീഡി കത്തിക്കാനൊരു തീക്കൊള്ളി പോലും തരില്ലേ.
" വേറെ മൂന്നു ഗുരുഭൂതങ്ങളുണ്ട്. വിഷയവുമായി വല്ലാത്ത പൊരുത്തത്തിലെത്തിയവര്‍, മറ്റേ വിഷയത്തില്‍ അശേഷം താല്‍പര്യമില്ലാത്തവര്‍. ഇവര്‍ ക്ലാസിലെത്തിയാല്‍ അവരുടെ ശബ്ദമല്ലാതെ ഏതെങ്കിലും ശബ്ദം ക്ലാസിലുണ്ടെങ്കില്‍ അത് ഇരുപത്തഞ്ച് എംഎ മോഹികള്‍ ശ്വാസം വിടുന്ന ശബ്ദം മാത്രമായിരിക്കും. ഗുരുഭൂതങ്ങളെ ഇന്ന് ഓര്‍മിക്കാനൊരു നിമിത്തമുണ്ടായി. അതിനെക്കുറിച്ചാണ് ശരിക്കും എഴുതാന്‍ ആഗ്രഹിച്ചത്. ഒരു സിബിഎസ്സി ഔധത്യം അടിമുടി മുഴച്ചു നില്‍ക്കുന്നൊരു ഓപ്പണ്‍ ഹൗസിനു പോകേണ്ടി വന്നു. ഓപ്പണ്‍ ഹൗസ് എന്നതു പുതിയ സിലബസിലെ വാക്കാണെന്നു കരുതിയാല്‍ മതി. ഓള്‍ഡ് സിലബസിലെ പിടിഎ മീറ്റിംഗ് ഇപ്പോള്‍ ഇങ്ങനെയൊക്കെ പേരിലാണ്.
മഞ്ഞളുമാറാത്തൊരു പെണ്‍(ഗുരു)ഭൂതം കസേരയില്‍ കുതൃക്കുന്നു. നരകയറിയൊരു രക്ഷകര്‍ത്താവ് പാതി നരച്ച പച്ച കുര്‍ത്തയുമായി മുന്നില്‍ അവതരിക്കുന്നു. അവര്‍ ഉവാച. (മുന്നറിയിപ്പില്ലാത്ത പോയിന്‍റ് ബ്ലാങ്ക് വെടിയാണ് ഠോ... ഠമാര്‍... പടാര്‍) ദിസ് ബോയ്, ഇവന്, മാത്സ് തീരെ പോരാ. ഇവനൊന്നും പഠിക്കുന്നില്ല. തോറ്റുപോകത്തേയുള്ളൂ. മറുപടി നാവിന്‍ തുമ്പത്തുണ്ട്. അതിലൊരു പങ്കിന് നിന്‍റെയൊക്കെ ഗുണവതിയാരവും കാരണമാണല്ലോ. പറയാനാവില്ലല്ലോ. ഗുരുശാപമെങ്ങാനും പയ്യന്‍സ് ഒറ്റയ്ക്ക് പിറ്റേദിവസം ക്ലാസിലിരിക്കുമ്പോള്‍ ആകാശം പിളര്‍ന്നിങ്ങു വന്നാലോ. വരാനുള്ള ശാപം ഏതായാലും വഴിയില്‍ തങ്ങില്ലെങ്കിലും മതിലില്‍ കയറി, മരത്തില്‍ കയറി എത്തിപ്പിടിക്കേണ്ട ബാധ്യതയൊന്നുമില്ലല്ലോ. മിണ്ടിയില്ല.
കണക്കിലെ പ്രോഗ്രസിന്‍റെ വിവരണപ്പെരുമഴ തോര്‍ന്നപ്പോള്‍ ഇത്രയും മാത്രം ഭവ്യമായി ഉച്ചരിച്ചു പോയി. എന്നാലും കഴിഞ്ഞ തവണത്തേതിനെക്കാള്‍ ഇക്കുറി ഇംപ്രൂവ്മെന്‍റുണ്ടല്ലോ. അവനിനിയും നന്നായിക്കൊള്ളും. ഒടുവിലൊരു ഗുളികന്‍ പഞ്ച് ലൈനിന്‍റെ രൂപത്തില്‍ നാവില്‍ നിന്നു വീണു പോയി. ഇത്രയുമെങ്കിലും മെച്ചപ്പെട്ടതിന് ചെറിയൊരു അഭിനന്ദനം കൊടുത്താലും തെറ്റില്ല. മറുവെടി പൊട്ടിയത് എന്നോടായിരുന്നില്ല, ഒപ്പം വിറ ഒരു ചമ്മിയ ഇളിയിലൊതുക്കി നിന്ന ശിഷ്യനോട്. ഇയാള്‍ പറഞ്ഞതു കേട്ടല്ലോ, ഞാനായിട്ട് അഭിനന്ദിച്ചില്ലെന്നു വേണ്ട, ഇതാ അഭിനന്ദിച്ചിരിക്കുന്നു. ബഹുമിടുക്കന്‍. സന്താപം കൊണ്ടോ സന്തോഷം കൊണ്ടോ എന്തു കൊണ്ടോ ശൗരി കണ്ണുനീരണിഞ്ഞു എന്ന പരുവത്തിലായി ഞാന്‍.
ടീച്ചറിന്‍റെ വക പഞ്ച് ലൈന്‍ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഇത്രയും അഭിനന്ദനം മതിയല്ലോ. ബാക്കിയൊക്കെ ഞാന്‍ നാളെ നിന്‍റെ ക്ലാസില്‍ വന്നു കഴിയുമ്പോള്‍ തന്നുകൊള്ളാം. അവര്‍ കായംകുളം കൊച്ചുണ്ണിയുടെ കുടുംബത്തില്‍ പിറന്നതാകാനാണ് വഴി. ഇന്നു തന്‍റെ വീട്ടില്‍ കയറുമെന്ന് പറഞ്ഞ് ഭവനഭേദനം നടത്തുന്നത് കൊച്ചുണ്ണിയായിരുന്നല്ലോ. അല്ലെങ്കില്‍ മീശമാധവന്‍റെ വകുപ്പില്‍ പെടുന്നവര്‍. കൊച്ചുണ്ണിയുടെ ഭീഷണിയുടെ ഭയാനകമായ മറ്റൊരു വേര്‍ഷനായിരുന്നല്ലോ മാധവന്‍ പുറകുവശം തിരിഞ്ഞു നിന്ന് കാണിച്ചിരുന്നത്. ഏതായാലും അടുത്ത ദിവസം പയ്യന്‍റെ കാര്യം കുശാല്‍. സംശയം വേണ്ട. നാളെയും മറ്റന്നാളും എന്തോ സ്പോര്‍ട്സ് കോംപറ്റീഷനായതു കൊണ്ട് അടിവരുന്നത് ഇരുകരം നീട്ടി വാങ്ങാന്‍ അവനു രണ്ടു നാള്‍ കൂടി കാത്തിരിക്കേണ്ടി വരും. അതു വരെ ടെന്‍ഷനടിച്ചിരിക്കുന്നത് കുറേയേറെ വര്‍ഷം കഴിയുമ്പോള്‍ അവനും ഓര്‍ത്തു ചിരിക്കാന്‍ ഒരു വകയായി മാറുമെന്നുറപ്പ്.